പോഷകമൂല്യമുള്ള വിത്തിലൂടെ പ്രകൃതി സ്നേഹം
ബാര: പ്രകൃതിയോടുള്ള സ്നേഹം പോഷകമൂല്യമുള്ള വിത്തിലൂടെ അറിയിച്ചുകൊണ്ട് ബാര ഗവണ്മെന്റ് യു.പി.സ്കൂള്‍ കുട്ടികള്‍ പരിസ്ഥിതിദിനം ആചരിച്ചു. 2016 അന്താരാഷ്ട്ര പയറുവര്‍ഷമായി ലോകരാജ്യമൊട്ടുക്കും ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് കുട്ടികള്‍ വീടുകളില്‍ നിന്നും ശേഖരിച്ചുകൊണ്ടുവന്ന പയറുവിത്തുകള്‍ നട്ട് പരിസ്ഥിതിദിനം ആചരിച്ചത്. വനം വകുപ്പ് നല്‍കിയ വൃക്ഷത്തൈകള്‍ ചടങ്ങില്‍ എല്ലാ കുട്ടികള്‍ക്കും വിതരണം ചെയ്തു.
സ്കൂളില്‍ 2014 ല്‍ ആരംഭിച്ച വീടിനൊരു മരം നാടിനൊരു തണല്‍ എന്ന പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദ്യാലയപരിസരത്തുള്ള വീടുകളില്‍ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആര്യവേപ്പിന്‍ തൈകള്‍ നട്ടു. ഇതിന്റെ പരിപാലനവും കുട്ടികള്‍ ഏറ്റെടുത്തു. പരിപാടിയുടെ ഭാഗമായി പരിസ്ഥിതിദിന ക്വിസ് മത്സരവും നടത്തി.
ദിനാചരണപരിപാടികള്‍ പ്രദേശത്തെ മികച്ച കര്‍ഷകനായ വിജയന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഉദുമ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ്കുമാര്‍ ആധ്യക്ഷം വഹിച്ചു.