ഒത്തുപാടി.. മധുമഴ നനഞ്ഞ്.. 
        ബാര ഗവണ്‍മെന്‍റ് യു.പി.സ്കൂളിലെ കുട്ടികള്‍ ആടിയും പാടിയും വിജ്ഞാനത്തിന്‍റെ മധുമഴ നനഞ്ഞ് വായനാവാരത്തിന്‍റെ കലാശക്കൊട്ട് നടത്തി. വൈവിധ്യമാര്‍ന്ന വായനാവാരാഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് അധ്യാപകനും കവിയുമായ കൃഷ്ണകുമാര്‍ പള്ളിയത്തും കീ ബോര്‍ഡ് വിദഗ്ധനായ പ്രവിരാജ് പാടിയും ചേര്‍ന്ന് അവതരിപ്പിച്ച രസകരവും വിജ്ഞാനപ്രദവു മായ സംഗീതപ്പൂമഴ കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഒരുപോലെ ആകര്‍ഷിച്ചു. ഗണിതവും ശാസ്ത്രവിഷയങ്ങളും എങ്ങനെ ആസ്വദിച്ചു പഠിക്കാമെന്നത് കുട്ടികള്‍ക്ക് പുതിയൊരറിവായി. കുട്ടികളുടെ സര്‍ഗ്ഗവൈഭവം കയ്യെഴുത്ത് മാസികയിലേക്ക് പകര്‍ന്നപ്പോള്‍ ഒന്നാംതരം മുതല്‍ ഏഴാംതരം വരെയുള്ള കുട്ടികള്‍ തയ്യാറാക്കിയത് പതിനഞ്ച് കയ്യെഴുത്തു മാസികകള്‍. ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് നടന്ന മള്‍ട്ടിമീഡിയ സാഹിത്യക്വിസ്, പുസ്തകപരിചയം, വായനാമത്സരം, പുസ്തകാസ്വാദനക്കുറിപ്പുതയ്യാറാക്കല്‍, ശാസ്ത്രവായന, അധ്യാപകരും കുട്ടികളും ചേര്‍ന്ന് അവതരിപ്പിച്ച കാവ്യമാലിക എന്നീ വിവിധപരിപാടികള്‍ വായനാവാരത്തില്‍ സംഘടിപ്പിച്ചു. സമാപനപരിപാടിയില്‍ സ്കൂള്‍ പി.ടി.എ പ്രസിഡണ്ട് സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ബി.ആര്‍.സി.ട്രെയിനര്‍ ബെറ്റി, പ്രധാനാധ്യാപകന്‍ പി.പി.ചന്ദ്രന്‍, എം.ഉണ്ണികൃഷ്ണന്‍, കെ.ടി.ബാബു, സിബിമോന്‍ എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ ലീഡര്‍ ലെനിന്‍ കയ്യെഴുത്തുമാസിക ഏറ്റുവാങ്ങി. അഭിഷേക് നന്ദി പറഞ്ഞു.